Wednesday, September 8, 2010

who am i ?...

            പ്രിയ സുഹൃത്തെ,
                                           ഞാന്‍ റഫീക്ക് (28), പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ  Nandankizhaya എന്ന കൊച്ചു ഗ്രാമമാണ് എന്‍റെ സ്വദേശം. ഒരു ശരാശരി കുടുംബത്തിലെ അവസാനത്തെയും നാലാമത്തെയും സന്തതി. എടുത്തുപയത്തക്ക വിദ്യാഭ്യാസ യോഗ്യതയൊന്നും തന്നെയില്ല. മുതലമടയില്‍ നിന്ന് 1998-ല്‍ പത്താം ക്ലാസ്സു കഴിഞ്ഞു. പിന്നെ shornur polytechnic-ല്‍ ചേര്‍ന്നു. അസുഖം മൂലം പഠനം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് പാലക്കാട് പോളിയില്‍ ഒന്നരക്കൊല്ലം പോയെങ്ങിലും അവിടെയും കോഴ്സ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അവിടന്നങ്ങോട് ചില മെഡിക്കല്‍ കോളേജിലും തമിഴ്നാട്ടിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലും പ്രശസ്ത്തരായ ചില വൈദ്യന്മാരുടെയും കീഴിലായിരുന്നു. പഠനത്തിനു വേണ്ടിയായിരുന്നില്ല. പരിശോധനക്ക് വേണ്ടിയായിന്നുവെന്നുമാത്രം. 
                                         കുതിങ്കാലില്‍ നിസ്സാരമായി തുടങ്ങിയ ചെറിയ വേദന നാള്‍ക്കുനാള്‍ വര്‍ധിച്ചു. മറ്റു ചില സന്തികളെയും അത് തളര്‍ത്തി. തുടര്‍ന്ന് താങ്ങാനാവാത്ത വേദനയുടെ പടുകുഴിയിലേക്ക് പെട്ടെന്ന് വഴുതി വീണു. വീടിനോട് ചേര്‍ന്ന ചയ്പ്പുമുറിയിലെ മറക്കട്ടിലിലെക്കായിരുന്നു ആ വീഴ്ച. മുറിയിലെ ചുമരില്‍ തൂക്കിയിട്ടിരുന്ന കലണ്ടറില്‍ നോക്കി നാളുകള്‍ നീക്കി. നാളുകള്‍ നീങ്ങുന്നതായി തോന്നിയെ ഇല്ല. പക്ഷെ കലണ്ടറുകള്‍ കുറെ മാറി, ഏഴോ എട്ടോ എണ്ണം. ചികില്സിക്കുന്തോറും അസുഖമാണെങ്കില്‍ കൂടിക്കൊണ്ടിരുന്നു. അസുഖത്തിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പോകുമോ എന്ന് ഭയന്നിരുന്ന സന്ദര്‍ഭങ്ങള്‍. പക്ഷെ ആ കടുംകൈ ചെയ്യാനുള്ള മിനിമം ആരോഗ്യം പോലും അന്ന് ഉണ്ടായിരുന്നില്ല. മാനസികവും, ശാരീരികവും, സാമ്പത്തികവുമായ പ്രതിസന്ധികളുടെ  കുത്തൊഴുക്കില്‍ പെട്ട് നെട്ടം തിരിയുന്ന കാലം. മുന്‍പിലുള്ള ഓരോ വാതിലുകളും അടയുന്നതായി തോന്നി. പ്രതീക്ഷകള്‍ കൈവിട്ടു. ഹൃദയത്തിന്‍റെ അവസാന സ്പന്ദനങ്ങള്‍  അമ്മയുടെ ഉള്ളം കൈയില്‍  പ്രധിധ്വനിച്ചു. അമ്മയുടെ വാടിയ മുഖം കരയാനോ, കരയുന്നത് കാണുവാനോ ഒരിക്കലും ഇഷ്ടപെടാത്ത എന്‍റെ കോപാഞ്ജകള്‍ കൊണ്ട് വിങ്ങിപൊട്ടി. 
                                      ആദരാഞ്ജലികള്‍ മുന്‍കൂട്ടി അറിയിക്കാന്‍ നാട്ടുകാരുടെയും അയല്‍വാ സികളുടെയും തിടുക്കംകൂട്ടല്‍. കഠിന വേദനയില്‍ പല്ലിറുക്കി പുഞ്ചിരിക്കുന്ന എന്‍റെ പ്രതീക്ഷയറ്റ മുഖം കണ്ടുനില്‍ക്കാന്‍ കഴിയാതെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ പോലും ഓടി ഒളിച്ചു. വിധിയുടെ മൂര്‍ച്ചവാളിനു ശിരസ്സും വെച്ചുനീട്ടി ഒഴിഞ്ഞ മനസ്സോടെ കണ്ണടച്ചു നാളുകള്‍ കിടന്നു. ഒടുക്കം മരണവും ചതിച്ചു. എന്തു ചെയ്യണമെന്നറിയില്ല കൂട്ടിനു ദേഷ്യം പോലും വരുന്നില്ല....
                           മനസ്സ് പതുക്കെ തണുത്തുറഞ്ഞു പ്രതീക്ഷയുടെ കുളിര്‍ക്കാറ്റ് അടിക്കുന്നതായി  തോന്നി. ജീവ ദാഹജലമേന്തി വന്ന  കേട്ടുകേള്‍വി പോലുമില്ലാത്ത കുറെ ദിവ്യ പുരുഷന്മാര്‍ ദൈവം നേരിട്ട് ഭുമിയില്‍ ഇറക്കിത്തന്നതാണെന്ന് തോന്നി.അല്ലെങ്കില്‍ പിന്നെ എന്‍റെയും വേണ്ടപ്പെട്ടവരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രാര്‍ത്ഥനകള്‍ കൊണ്ട് ദൈവത്തിനു ഇരിക്ക പൊറുതി ഇല്ലാതായിരിക്കണം. ആ പരമകാരുണ്യവാന്‍  എന്നില്‍ കാരുണ്യം പൊഴിഞ്ഞു. ഒന്നല്ല ,.. ഒട്ടേറെ പ്രാവശ്യം. 
          തൊട്ടടുത്ത സ്കൂളില്‍ ചിത്രം വരയ്ക്കാന്‍ വന്ന രാധ കൃഷ്ണന്‍ മാസ്റ്റര്‍ ആണ് (a drawing teacher from Puduppiriyaram Panchayath High School) എന്നെ സഹായിക്കാന്‍ വന്ന ആദ്യത്തെ വ്യക്തി. അസുഖത്തെ കുറിച്ചും ആശുപത്രികളെ കുറിച്ചും,വൈദ്യന്മാരെ കുറിച്ചുമുള്ള അദ്ദ്യേഹത്തിന്‍റെ വിപുലമായ അറിവ് എനിക്ക് ആത്മവിശ്വാസം പകര്‍ന്നുതന്നു. അന്നുമുതല്‍ ആശുപത്രി കയറിയിറങ്ങാന്‍ മിക്കവാറും മാഷും ഉണ്ടാകും പെറ്റമ്മയെപ്പോലെ.. ഒട്ടും പ്രതീക്ഷിക്കാത്ത സമയം സ്നേഹത്തിന്‍റെ മറ്റൊരു പടിവാതിലും തുറന്നെത്തി മുന്‍ M.L.A കൂടിയായ ശ്രീ K.A ചന്ദ്രന്‍ സാര്‍ . പത്താം തരത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതിനു കിട്ടിയ ആശംസകളുടെ കൂട്ടത്തില്‍ ഇദ്ദ്യേഹത്തിന്‍റെ ഒരു കത്തും ഉണ്ടായിരുന്നു. കത്തില്‍ ആശംസകള്‍ അറിയിച്ച ആ മഹാന്‍ നേരിട്ട് വന്നു ഇപ്പോള്‍ ആശ്വാസവും കൂടി തന്നപ്പോള്‍ അറിയാതെ കണ്ണുകലങ്ങിപ്പോയി. അദ്ദ്യേഹത്തിന്‍റെ പരിശ്രമഫലമായി പുറത്തുവന്ന "മാധ്യമ " വാര്‍ത്ത എളിയ എന്‍റെ സേവനത്തിനുള്ള അംഗീകാരവും ഒപ്പം ചെറിയ ധനസഹായവുമായി. പേരുപോലും വെളിപ്പെടുത്താതെ എന്നെ സഹായിച്ച ആ വലിയ മനസ്സിന് ഒരു കഷ്ടങ്ങളും വരുത്ത്തിവയ്ക്കരുതെന്ന എന്‍റെ പ്രാര്‍ത്ഥന പടച്ചോന്‍ കേള്‍ക്കാതിരിക്കാന്‍ വയ്യ. കിട്ടിയ തുകകൊണ്ട് മുടങ്ങിപ്പോയ ചികിത്സ പുനരാരംഭിച്ചു. ഭാരിച്ച ചിലവുവരുന്ന ശസ്ത്രക്രിയ യല്ലാതെ മറ്റൊന്നും പ്രതിവിധിയായ് ഇല്ലെന്ന കുറി  പ്പുചീട്ടുകള്‍ കണ്ട് പിന്നെയും മനസ്സുമടുത്തു. ഈ സാഹചര്യത്തിലാണ് യുനസിക്ക എന്ന മനുഷ്യസ്നേഹിയായ  ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകന്‍ പ്രത്യക്ഷപ്പെട്ടത്. ശസ്ത്രക്രിയയ്ക് വേണ്ട ചിലവിന്‍റെ ഒരു പങ്ക് അദ്ദ്യേഹത്തിന്‍റെ നല്ലവരായ സുഹൃത്തുക്കള്‍ ഏറ്റെടുത്തു. ശേഷിച്ച ഭീമമായ മറ്റൊരു പങ്കിനായി എന്‍റെ എല്ലാമെല്ലാമായ നാട്ടുകാര്‍ ഒന്നടക്കം കൈകോര്‍ത്തുപിടിച്ചു. ഈ അത്യപൂവ്വ സഹകരണത്തിനു സാരഥിയായി നിന്ന ഷംസ് അണ്ണന്‍റെയും താജ് അണ്ണന്‍റെയും ഇവരുടെ സുഹൃത്തുക്കളുടെയും മാതൃക പരമായ പ്രവര്‍ത്തം ജീവനുള്ളിടത്തോളം കാലം മറക്കാന്‍ കഴിയാത്ത അനുഭവമാണ്. അങ്ങിനെ കൊയംബത്തുരിലെ രാമകൃഷ്ണ ആശുപത്രിയില്‍ വച്ചു ഡോ: ബാലസുബ്രമാന്യെന്‍റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയും കഴിഞ്ഞു. എനിക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത വേദനകള്‍ മാത്രം വര്‍ഷങ്ങള്‍ സമ്മാനിച്ച ഈ നിശ്ചല കാലുകള്‍ അരയ്ക്ക് കീഴപോട്ട് വെട്ടി കളഞ്ഞാല്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുമെന്ന എന്‍റെ അഭിപ്രായ പ്രകടനം  ഒരിക്കല്‍ യുനസിക്കയുടെ ഉറക്കം കെടുത്തിയെന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് പോലും അദ്ദ്യേഹം എന്നെ ഓര്‍മിപ്പിച്ചിരുന്നു. 
                                       ആ ചേതനയറ്റ കാലുകള്‍ തന്നെയാണോ ഇപ്പോഴും എന്നെ താങ്ങി നിര്‍ത്തുന്നതെന്ന് ആലോചിക്കുമ്പോള്‍ അവിശ്വസനീയം എന്നെല്ലാതെ മറ്റെന്തു പറയാന്‍ കഴിയും. ഒരു പക്ഷെ മനുഷ്യ മസ്ഥിഷ്ക്കത്ത്തിനും അപ്പുറം ഈ പ്രപഞ്ച്ചത്തിലാകമാനം വ്യാപിച്ചു കിടക്കുന്ന  ആ ദിവ്യ തേജസ്സിനെ ഒന്നടുത്ത് അറിയാന്‍ കിട്ടിയ സുവര്‍ണ്ണാവസരമാകാം ഈ വേദനകള്‍ എന്നും തോന്നും. 
                 ഒരു വെള്ളിയാഴ്ച്ച വെളുപ്പാന്‍ കാലത്ത്  എന്‍റെ മുറിയുടെ വാതില്‍ക്കല്‍ മുട്ടിവിളിച്ച് ദൈവം പിന്നെയും സമ്മാനിച്ചു ഡോക്ടറുടെ രൂപത്തിലുള്ള ഒരു നല്ല സഹോദരനെക്കുടി (Dr. Noushad from JMMC Thrissur). ഇങ്ങനെ ഈ ഭുമിയില്‍ സന്മനസ്സുള്ള ചിലരെയെങ്കിലും കണ്ടുമുട്ടാനുള്ള ഒരു വേദിയായിരുന്നു എ അസുഖമെന്നും തോന്നിപ്പോകും. എന്തായാലും ഒരുക്കലും കാണാന്‍ കഴിയാത്ത ഈ സകല ചരാചരങ്ങളുടെയും അധിപന്റെ വിവിധ ഭാവങ്ങള്‍ ഞാന്‍ പലരിലുടെയും കണ്ടുവെന്ന സത്യം മാത്രം അവശേഷിക്കുന്നു.
                               ഇന്നെനിക്ക് കൂട്ടായി സഹാസന്ചാരിയായി രണ്ടു ഊന്നു വടികളും ഉണ്ട് 
പലര്‍ക്കും അവരെ കാണുമ്പോള്‍ അസൂയ തോന്നും കുശലാന്വേഷണം എന്നോണം "എന്താ ഇവരെ ഉപേക്ഷിക്കാനായില്ലേ ഇനിയും " എന്ന് ചോദിക്കാറുണ്ട്. ഇല്ല ഇതൊരു പുതിയ സ്റ്റെയില്‍ ആണെന്ന് തമാശ പറയും. തുടര്‍ ശസ്ത്രക്രിയ യിലൂടെ ഈ വടികള്‍ ഉപേക്ഷിക്കാമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതാണ്. അതൊക്കെ ഒരു അത്യാഗ്രഹമെന്നൊരു തോന്നല്‍ ഇത്രയും സംഭവിച്ച തുതന്നെ സ്വര്‍ഗ്ഗം കിട്ടിയതുപോലെയാണ്. ഇനി കഴിയുന്നത്രയും കാലം ഇവരുടെ  കൂടെ മുന്നോട്ട് പോയാല്‍ മതിയെന്ന ചെറിയ ആഗ്രഹവുമായി ജീവിച്ചു പോകുന്നു....

3 comments:

  1. സഹോദരാ,
    തീഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രതീക്ഷ കൈവിടാത്ത ആ മനസ്സിന് എന്റെ ആദരം.
    കേട്ടിട്ടില്ലേ?അല്ലാഹു ആര്‍ക്കും അവര്‍ക്ക് സഹിക്കാവുന്നതില്‍ അപ്പുറം കൊടുക്കില്ല എന്ന്..അങ്ങിനെ ഓര്‍ത്തു സമാധാനിക്കൂ.
    ഇനിമുതല്‍ എന്റെ പ്രാര്‍ഥനയില്‍ റഫീക്കും ഉണ്ടാവും.

    ReplyDelete
  2. ഞാനും ഉണ്ട് നിങ്ങളോടൊപ്പം. നിങ്ങളുടെ ജേഷ്ട്ട സഹോദരനായി……..
    പ്രാർഥനയോടെ………..

    ReplyDelete