Wednesday, September 8, 2010

Aim of this blog (under construction.....)

            സ്വന്തം മനസ്സിന്‍റെ സമാധാനത്തിനു വേണ്ടി ഒരു ആയുഷ്ക്കാലം മുഴുവന്‍ പണത്തിന്‍റെയും,  പെണ്ണിന്‍റെയും,അധികാരത്തിന്‍റെയും, ലഹരിയുടെയും പിന്നാലെ പരക്കം പായുന്ന മനുഷ്യമനസ്സുകളെ അറിയുക !!!!....സമാധാനം മറ്റെവിടെയുമില്ല... നിങ്ങളുടെ മനസ്സിന്‍റെ അകത്തളത്തില്‍ തന്നെ വറ്റാത്ത നീരുറവയായി നിലകൊള്ളുന്നുവെന്ന്അത് എപ്പോള്‍ വേണമെങ്കിലും കോരിയെടുക്കാം,വേണ്ടുവോളം ആസ്വദിക്കാം...        ലളിതമായ  ചിലപുനര്‍ന്തകളിലൂടെ ...
            
  നിങ്ങളുടെ അമ്മയേയും,അച്ചനെയും,സഹോദരങ്ങളെയും,
ജീവിതപങ്കാളിയെയും,സന്താനങ്ങളെയും വാക്കുകൊണ്ടും നോക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സംതൃപ്തിപ്പെടുത്താന്‍ ശ്രമിക്കൂ.. സമാധാനത്തിന്‍റെ നീരുറവ പതുക്കെ പൊട്ടിപ്പുപ്പെടും. സുഹൃത്തുക്കളോടും,അയല്‍വാസികളോടും മാന്യമായി പെരുമാറുകയും, നിലവിലുള്ള അവസ്ഥയില്‍  തൃപ്ത്തരായി നിങ്ങളുടെ മുന്‍പില്‍  കരയുന്നവരുടെ കണ്ണീരൊപ്പുകയും കൂടി ചെയ്‌താല്‍ നിങ്ങളുടെ സമാധാനം പരിപൂര്‍ണ്ണതയിലെത്തും നിശ്ചയം!!!..
ആ പരമാനന്ദം ഒന്ന് അനുഭവിച്ചറിയൂ... ഇതിനു തുല്യമായി ലോകത്ത് മറ്റൊന്നും  തന്നെയില്ല... 
                             പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഊര്‍ജ സ്രോതസ്സിന്‍റെ ഉറവിടമാണ് ഓരോ മനുഷ്യമനസ്സും. ഈ കലവറകളില്‍ സ്നേഹത്തിന്‍റെ  ന്യുക്ലിയര്‍ ബോംബുകള്‍ പൊട്ടിച്ച് മനുഷ്യകുലത്തെ ആകമാനം നേര്‍വഴിയിലേക്ക് നയിച്ച അവതാര പുരുഷന്മാര്‍ പിറന്ന മണ്ണാണിത്. ആ സ്നേഹസ്ഫോടനത്തിന്‍റെ അലയടിക്കുന്ന കമ്പനങ്ങള്‍ ഇന്നും കാതോര്‍ത്താല്‍ അവിടവിടെയായി കേള്‍ക്കാം. ഇത്തരത്തിലുള്ള ഒരു തീപ്പെട്ടികൊള്ളിയെങ്ങിലും നമുക്കൊരോര്ത്തര്‍ക്കും ഉരസാന്‍ കഴിഞ്ഞാല്‍.......
            വരൂ....
                        പങ്കുചേരാം.....
                        പരിശ്രമിക്കാം......
നമുക്ക് ഈ ഭൂമിയെ സ്വര്‍ഗമാക്കേണ്ടതുണ്ട്.....

who am i ?...

            പ്രിയ സുഹൃത്തെ,
                                           ഞാന്‍ റഫീക്ക് (28), പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ  Nandankizhaya എന്ന കൊച്ചു ഗ്രാമമാണ് എന്‍റെ സ്വദേശം. ഒരു ശരാശരി കുടുംബത്തിലെ അവസാനത്തെയും നാലാമത്തെയും സന്തതി. എടുത്തുപയത്തക്ക വിദ്യാഭ്യാസ യോഗ്യതയൊന്നും തന്നെയില്ല. മുതലമടയില്‍ നിന്ന് 1998-ല്‍ പത്താം ക്ലാസ്സു കഴിഞ്ഞു. പിന്നെ shornur polytechnic-ല്‍ ചേര്‍ന്നു. അസുഖം മൂലം പഠനം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് പാലക്കാട് പോളിയില്‍ ഒന്നരക്കൊല്ലം പോയെങ്ങിലും അവിടെയും കോഴ്സ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അവിടന്നങ്ങോട് ചില മെഡിക്കല്‍ കോളേജിലും തമിഴ്നാട്ടിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലും പ്രശസ്ത്തരായ ചില വൈദ്യന്മാരുടെയും കീഴിലായിരുന്നു. പഠനത്തിനു വേണ്ടിയായിരുന്നില്ല. പരിശോധനക്ക് വേണ്ടിയായിന്നുവെന്നുമാത്രം. 
                                         കുതിങ്കാലില്‍ നിസ്സാരമായി തുടങ്ങിയ ചെറിയ വേദന നാള്‍ക്കുനാള്‍ വര്‍ധിച്ചു. മറ്റു ചില സന്തികളെയും അത് തളര്‍ത്തി. തുടര്‍ന്ന് താങ്ങാനാവാത്ത വേദനയുടെ പടുകുഴിയിലേക്ക് പെട്ടെന്ന് വഴുതി വീണു. വീടിനോട് ചേര്‍ന്ന ചയ്പ്പുമുറിയിലെ മറക്കട്ടിലിലെക്കായിരുന്നു ആ വീഴ്ച. മുറിയിലെ ചുമരില്‍ തൂക്കിയിട്ടിരുന്ന കലണ്ടറില്‍ നോക്കി നാളുകള്‍ നീക്കി. നാളുകള്‍ നീങ്ങുന്നതായി തോന്നിയെ ഇല്ല. പക്ഷെ കലണ്ടറുകള്‍ കുറെ മാറി, ഏഴോ എട്ടോ എണ്ണം. ചികില്സിക്കുന്തോറും അസുഖമാണെങ്കില്‍ കൂടിക്കൊണ്ടിരുന്നു. അസുഖത്തിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പോകുമോ എന്ന് ഭയന്നിരുന്ന സന്ദര്‍ഭങ്ങള്‍. പക്ഷെ ആ കടുംകൈ ചെയ്യാനുള്ള മിനിമം ആരോഗ്യം പോലും അന്ന് ഉണ്ടായിരുന്നില്ല. മാനസികവും, ശാരീരികവും, സാമ്പത്തികവുമായ പ്രതിസന്ധികളുടെ  കുത്തൊഴുക്കില്‍ പെട്ട് നെട്ടം തിരിയുന്ന കാലം. മുന്‍പിലുള്ള ഓരോ വാതിലുകളും അടയുന്നതായി തോന്നി. പ്രതീക്ഷകള്‍ കൈവിട്ടു. ഹൃദയത്തിന്‍റെ അവസാന സ്പന്ദനങ്ങള്‍  അമ്മയുടെ ഉള്ളം കൈയില്‍  പ്രധിധ്വനിച്ചു. അമ്മയുടെ വാടിയ മുഖം കരയാനോ, കരയുന്നത് കാണുവാനോ ഒരിക്കലും ഇഷ്ടപെടാത്ത എന്‍റെ കോപാഞ്ജകള്‍ കൊണ്ട് വിങ്ങിപൊട്ടി. 
                                      ആദരാഞ്ജലികള്‍ മുന്‍കൂട്ടി അറിയിക്കാന്‍ നാട്ടുകാരുടെയും അയല്‍വാ സികളുടെയും തിടുക്കംകൂട്ടല്‍. കഠിന വേദനയില്‍ പല്ലിറുക്കി പുഞ്ചിരിക്കുന്ന എന്‍റെ പ്രതീക്ഷയറ്റ മുഖം കണ്ടുനില്‍ക്കാന്‍ കഴിയാതെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ പോലും ഓടി ഒളിച്ചു. വിധിയുടെ മൂര്‍ച്ചവാളിനു ശിരസ്സും വെച്ചുനീട്ടി ഒഴിഞ്ഞ മനസ്സോടെ കണ്ണടച്ചു നാളുകള്‍ കിടന്നു. ഒടുക്കം മരണവും ചതിച്ചു. എന്തു ചെയ്യണമെന്നറിയില്ല കൂട്ടിനു ദേഷ്യം പോലും വരുന്നില്ല....
                           മനസ്സ് പതുക്കെ തണുത്തുറഞ്ഞു പ്രതീക്ഷയുടെ കുളിര്‍ക്കാറ്റ് അടിക്കുന്നതായി  തോന്നി. ജീവ ദാഹജലമേന്തി വന്ന  കേട്ടുകേള്‍വി പോലുമില്ലാത്ത കുറെ ദിവ്യ പുരുഷന്മാര്‍ ദൈവം നേരിട്ട് ഭുമിയില്‍ ഇറക്കിത്തന്നതാണെന്ന് തോന്നി.അല്ലെങ്കില്‍ പിന്നെ എന്‍റെയും വേണ്ടപ്പെട്ടവരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രാര്‍ത്ഥനകള്‍ കൊണ്ട് ദൈവത്തിനു ഇരിക്ക പൊറുതി ഇല്ലാതായിരിക്കണം. ആ പരമകാരുണ്യവാന്‍  എന്നില്‍ കാരുണ്യം പൊഴിഞ്ഞു. ഒന്നല്ല ,.. ഒട്ടേറെ പ്രാവശ്യം. 
          തൊട്ടടുത്ത സ്കൂളില്‍ ചിത്രം വരയ്ക്കാന്‍ വന്ന രാധ കൃഷ്ണന്‍ മാസ്റ്റര്‍ ആണ് (a drawing teacher from Puduppiriyaram Panchayath High School) എന്നെ സഹായിക്കാന്‍ വന്ന ആദ്യത്തെ വ്യക്തി. അസുഖത്തെ കുറിച്ചും ആശുപത്രികളെ കുറിച്ചും,വൈദ്യന്മാരെ കുറിച്ചുമുള്ള അദ്ദ്യേഹത്തിന്‍റെ വിപുലമായ അറിവ് എനിക്ക് ആത്മവിശ്വാസം പകര്‍ന്നുതന്നു. അന്നുമുതല്‍ ആശുപത്രി കയറിയിറങ്ങാന്‍ മിക്കവാറും മാഷും ഉണ്ടാകും പെറ്റമ്മയെപ്പോലെ.. ഒട്ടും പ്രതീക്ഷിക്കാത്ത സമയം സ്നേഹത്തിന്‍റെ മറ്റൊരു പടിവാതിലും തുറന്നെത്തി മുന്‍ M.L.A കൂടിയായ ശ്രീ K.A ചന്ദ്രന്‍ സാര്‍ . പത്താം തരത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതിനു കിട്ടിയ ആശംസകളുടെ കൂട്ടത്തില്‍ ഇദ്ദ്യേഹത്തിന്‍റെ ഒരു കത്തും ഉണ്ടായിരുന്നു. കത്തില്‍ ആശംസകള്‍ അറിയിച്ച ആ മഹാന്‍ നേരിട്ട് വന്നു ഇപ്പോള്‍ ആശ്വാസവും കൂടി തന്നപ്പോള്‍ അറിയാതെ കണ്ണുകലങ്ങിപ്പോയി. അദ്ദ്യേഹത്തിന്‍റെ പരിശ്രമഫലമായി പുറത്തുവന്ന "മാധ്യമ " വാര്‍ത്ത എളിയ എന്‍റെ സേവനത്തിനുള്ള അംഗീകാരവും ഒപ്പം ചെറിയ ധനസഹായവുമായി. പേരുപോലും വെളിപ്പെടുത്താതെ എന്നെ സഹായിച്ച ആ വലിയ മനസ്സിന് ഒരു കഷ്ടങ്ങളും വരുത്ത്തിവയ്ക്കരുതെന്ന എന്‍റെ പ്രാര്‍ത്ഥന പടച്ചോന്‍ കേള്‍ക്കാതിരിക്കാന്‍ വയ്യ. കിട്ടിയ തുകകൊണ്ട് മുടങ്ങിപ്പോയ ചികിത്സ പുനരാരംഭിച്ചു. ഭാരിച്ച ചിലവുവരുന്ന ശസ്ത്രക്രിയ യല്ലാതെ മറ്റൊന്നും പ്രതിവിധിയായ് ഇല്ലെന്ന കുറി  പ്പുചീട്ടുകള്‍ കണ്ട് പിന്നെയും മനസ്സുമടുത്തു. ഈ സാഹചര്യത്തിലാണ് യുനസിക്ക എന്ന മനുഷ്യസ്നേഹിയായ  ഒരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകന്‍ പ്രത്യക്ഷപ്പെട്ടത്. ശസ്ത്രക്രിയയ്ക് വേണ്ട ചിലവിന്‍റെ ഒരു പങ്ക് അദ്ദ്യേഹത്തിന്‍റെ നല്ലവരായ സുഹൃത്തുക്കള്‍ ഏറ്റെടുത്തു. ശേഷിച്ച ഭീമമായ മറ്റൊരു പങ്കിനായി എന്‍റെ എല്ലാമെല്ലാമായ നാട്ടുകാര്‍ ഒന്നടക്കം കൈകോര്‍ത്തുപിടിച്ചു. ഈ അത്യപൂവ്വ സഹകരണത്തിനു സാരഥിയായി നിന്ന ഷംസ് അണ്ണന്‍റെയും താജ് അണ്ണന്‍റെയും ഇവരുടെ സുഹൃത്തുക്കളുടെയും മാതൃക പരമായ പ്രവര്‍ത്തം ജീവനുള്ളിടത്തോളം കാലം മറക്കാന്‍ കഴിയാത്ത അനുഭവമാണ്. അങ്ങിനെ കൊയംബത്തുരിലെ രാമകൃഷ്ണ ആശുപത്രിയില്‍ വച്ചു ഡോ: ബാലസുബ്രമാന്യെന്‍റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയും കഴിഞ്ഞു. എനിക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത വേദനകള്‍ മാത്രം വര്‍ഷങ്ങള്‍ സമ്മാനിച്ച ഈ നിശ്ചല കാലുകള്‍ അരയ്ക്ക് കീഴപോട്ട് വെട്ടി കളഞ്ഞാല്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുമെന്ന എന്‍റെ അഭിപ്രായ പ്രകടനം  ഒരിക്കല്‍ യുനസിക്കയുടെ ഉറക്കം കെടുത്തിയെന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് പോലും അദ്ദ്യേഹം എന്നെ ഓര്‍മിപ്പിച്ചിരുന്നു. 
                                       ആ ചേതനയറ്റ കാലുകള്‍ തന്നെയാണോ ഇപ്പോഴും എന്നെ താങ്ങി നിര്‍ത്തുന്നതെന്ന് ആലോചിക്കുമ്പോള്‍ അവിശ്വസനീയം എന്നെല്ലാതെ മറ്റെന്തു പറയാന്‍ കഴിയും. ഒരു പക്ഷെ മനുഷ്യ മസ്ഥിഷ്ക്കത്ത്തിനും അപ്പുറം ഈ പ്രപഞ്ച്ചത്തിലാകമാനം വ്യാപിച്ചു കിടക്കുന്ന  ആ ദിവ്യ തേജസ്സിനെ ഒന്നടുത്ത് അറിയാന്‍ കിട്ടിയ സുവര്‍ണ്ണാവസരമാകാം ഈ വേദനകള്‍ എന്നും തോന്നും. 
                 ഒരു വെള്ളിയാഴ്ച്ച വെളുപ്പാന്‍ കാലത്ത്  എന്‍റെ മുറിയുടെ വാതില്‍ക്കല്‍ മുട്ടിവിളിച്ച് ദൈവം പിന്നെയും സമ്മാനിച്ചു ഡോക്ടറുടെ രൂപത്തിലുള്ള ഒരു നല്ല സഹോദരനെക്കുടി (Dr. Noushad from JMMC Thrissur). ഇങ്ങനെ ഈ ഭുമിയില്‍ സന്മനസ്സുള്ള ചിലരെയെങ്കിലും കണ്ടുമുട്ടാനുള്ള ഒരു വേദിയായിരുന്നു എ അസുഖമെന്നും തോന്നിപ്പോകും. എന്തായാലും ഒരുക്കലും കാണാന്‍ കഴിയാത്ത ഈ സകല ചരാചരങ്ങളുടെയും അധിപന്റെ വിവിധ ഭാവങ്ങള്‍ ഞാന്‍ പലരിലുടെയും കണ്ടുവെന്ന സത്യം മാത്രം അവശേഷിക്കുന്നു.
                               ഇന്നെനിക്ക് കൂട്ടായി സഹാസന്ചാരിയായി രണ്ടു ഊന്നു വടികളും ഉണ്ട് 
പലര്‍ക്കും അവരെ കാണുമ്പോള്‍ അസൂയ തോന്നും കുശലാന്വേഷണം എന്നോണം "എന്താ ഇവരെ ഉപേക്ഷിക്കാനായില്ലേ ഇനിയും " എന്ന് ചോദിക്കാറുണ്ട്. ഇല്ല ഇതൊരു പുതിയ സ്റ്റെയില്‍ ആണെന്ന് തമാശ പറയും. തുടര്‍ ശസ്ത്രക്രിയ യിലൂടെ ഈ വടികള്‍ ഉപേക്ഷിക്കാമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നതാണ്. അതൊക്കെ ഒരു അത്യാഗ്രഹമെന്നൊരു തോന്നല്‍ ഇത്രയും സംഭവിച്ച തുതന്നെ സ്വര്‍ഗ്ഗം കിട്ടിയതുപോലെയാണ്. ഇനി കഴിയുന്നത്രയും കാലം ഇവരുടെ  കൂടെ മുന്നോട്ട് പോയാല്‍ മതിയെന്ന ചെറിയ ആഗ്രഹവുമായി ജീവിച്ചു പോകുന്നു....

My Adma Vidyalaya....

                                           ക്ഷമയുടെ പ്രതീകമാണ് എന്‍റെ അമ്മ. ഒരു പരോപകാരിയാണ്‌ എന്‍റെ അച്ഛന്‍. രണ്ടുപേര്‍ക്കും കാര്യമായി വിദ്യാഭ്യാസമൊന്നുമില്ല. എന്നിരുന്നാലും അവര്‍ക്ക് മക്കളെ പഠിപ്പിക്കുവാന്‍ അതിയായ ആഗ്രഹമായിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി  ജീവിതത്തിന്‍റെ നല്ലകാലം മുഴുവന്‍ ത്യജിച്ച എന്‍റെ മൂത്ത സഹോദരന്‍ മുസ്തഫയും ഞാന്‍ നന്നായി പഠിച്ചു കാണണമെന്ന് മോഹിച്ചിരുന്നു. ഈ വിധ പ്രോല്‍സാഹനമായിരിക്കണം എന്നെ ഓരോ ക്ലാസിലും പലപ്പോഴും സ്കൂളില്‍ തന്നെയും ഒന്നമാനാക്കി തീര്‍ത്തത്.
                                    പഠിക്കാന്‍ വല്ലാത്ത ആഗ്രഹമായിരുന്നു. ജീവിതാവസാനം വരെ ഒരു വിദ്യാര്‍ഥിയായിരിക്കുവാന്‍ കഴിയുക എന്നത് എന്നെ സംബത്തിചിടത്തോളം ഒരു മഹാഭാഗ്യമായി കരുതുന്നു. പോളിടെക്നിക്കില്‍ പ്രവേശിച്ച ആദ്യ വര്‍ഷമാണ്‌ എനിക്ക് അസുഖം പിടിപെടുന്നത്. ചികിത്സിച്ചു തല്‍ക്കാലം ഭേതമായെങ്ങിലും ആ വര്‍ഷം നഷ്ടമായി. അടുത്ത കൊല്ലം വീണ്ടും പുതുതായി ചേര്‍ന്നു. പക്ഷെ അസുഖം എന്നെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു. ഞാനും വിട്ടുകൊടിത്തില്ല, അങ്ങിനെ നാലാമാതായും പോളിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആയിത്തന്നെ പഠിച്ചു തുടങ്ങി. എന്‍റെ കൂടെ പടിച്ചിരുന്നവരെല്ലാം കോളേജ് വിട്ടു. ജൂനിയര്‍ ആയിരുന്നവര്‍ കുറെകാലം എന്നോടൊപ്പവും പിന്നീട് എന്‍റെ സീനിയര്മാരുമായി. അതൊന്നും എന്നെ വിഷമിപ്പിച്ചിരുന്നില്ല. "ഒന്നും    ചെയ്യാതിരിക്കു ന്നതിനെക്കാള്‍ നല്ലതാണു വൈകിയാലും ചെയ്തുതീര്‍ക്കുക" എന്ന ഡോ:കലാമിന്‍റെ ആത്മകഥയിലെ വാക്യം മനസ്സിന് ആശ്വാസമേകി. എന്നാല്‍ ഈ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല. വെറും ഒന്നരവര്‍ഷം തികയുമ്പോഴേക്കും പൂര്‍വ്വാധികം ശക്തിയോടെ അസുഖമെന്നെ പിടിമുറുക്കി. ഒടുക്കം വിധിയുടെ മുന്‍പില്‍ മുട്ടുമടക്കേണ്ടിവന്നു. വേദനാസംഹാരികളെ തോല്‍പ്പിക്കുന്ന കഠിന വേദനയും കിടക്കയില്‍ നിന്ന് സ്വയം എഴുന്നേറ്റിരിക്കുവാന്‍ പോലുംകഴിയാത്ത ദുരവസ്ഥ യുമായി രണ്ടു വര്‍ഷത്തോളം പരിപൂര്‍ണ്ണ വീട്ടുതടങ്കലിലായി. രോഗത്തോട് കീഴടങ്ങുവാണോ അതിനെതിരെ പൊരുതുവാനോ കഴിയാത്ത നിസംഗഭാവം. വിരസത എന്നെ പതുക്കെ പതുക്കെ കാര്‍ന്നു തിന്നു. ചിലപ്പോഴൊക്കെ ആരോടെന്ന റിയാത്ത കടുത്ത ദേഷ്യം വരും. എങ്കിലും ഏകാന്ത വാസം എന്നെ കുറെയധികം ചിന്തിപ്പിച്ചു. ജീവിതത്തോടു സമാധാനപരമായ ഒരു തരം വാശി തോന്നി. പ്രാര്‍ത്ഥനാപൂര്‍വ്വം ചില ഉറച്ച തീരുമാനമെടുത്തു. അതാണ്‌ "എന്‍റെ ആത്മവിദ്യാലയം ".
                              ഞാന്‍ അങ്ങേയറ്റം ഉത്സാഹിച്ചു പഠിച്ച S S L C സിലബസിലൂടെ ഒരു വട്ടം കൂടി കണ്ണോടിച്ചു. അധികം വൈകാതെതന്നെ  S S L C  വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഒരു ഹോം ട്യുഷന്‍ തുടങ്ങി. ദൈവനിശ്ചയം എന്ന് പറയട്ടെ ആദ്യ ബാച്ചില്‍തന്നെ ഇരുപതോളം വിദ്യാര്‍ഥികളെത്തി.ചായ്പ്പു മുറിയിലെ കട്ടിലിനോട് ചേര്‍ന്ന സിമന്‍റെ തിണ്ണയില്‍ കാലത്തും വൈകീട്ടും വിദ്യാര്‍ഥികള്‍ നിറഞ്ഞിരിക്കും. ഇവരിലൂടെ ഞാന്‍ പുറംലോകം കണ്ടുതുടങ്ങി. എനിക്ക് പുതു ജീവന്‍ നല്‍കിയ എന്‍റെ കുട്ടികള്‍ക്ക് കടലോളം സ്നേഹം നല്‍കി. അനുസരണകേടിനു   നല്ല   ശിക്ഷയും. മുഴുവന്‍ വിഷയവും ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടതിനാല്‍ വായിക്കാന്‍ ഒരുപാട് ഉണ്ടായിരുന്നു. എങ്കിലും എന്നെ അലട്ടിയ വിരസത ജീവനുംകൊണ്ടോടി. ഞാന്‍ ആശുപത്രിക്ക് പോകുന്ന   ദിവങ്ങള്‍ ഒഴികെ വര്‍ഷത്തില്‍ എല്ലാ ദിവസവും പഠിപ്പിക്കുമായിരുന്നു. കുട്ടികളുമായി വളര്‍ന്ന ആത്മബന്ധത്തില്‍ ഞാന്‍ എന്‍റെ വേദന മറന്നുതുടങ്ങി. ക്രമേണ രോഗത്തെയും, മരുന്നിനേയും,ആശുപത്രിയേയും,ഡോക്ടറേയും,ഞാന്‍ എന്ന ഭാവത്തെയും മറന്നുപോയി. എന്‍റെ മനസ്സുമുഴുവന്‍ വിദ്യാര്‍ത്ഥികളും അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും മാത്രമായി. എന്നിലെ അടങ്ങാത്ത ആ ആത്മപ്രചോദനം എന്‍റെ വിദ്യാര്‍ത്ഥികളെ ഓരോരുത്തരെയും മിടുമിടുക്കന്മാരാക്കിത്തീര്‍ത്തു. ഈ മിടുക്കന്മാരുടെ തീവ്രശ്രമം 2006 മുതല്‍ ഇതുവരെ ഓരോ വര്‍ഷവും അവരുടെ ഹൈസ്കൂളുകളില്‍ പത്താംതരത്തിലെ ഒന്നാം സ്ഥാനം എന്‍റെ വിദ്യാലയത്തിന്‍റെ വിജയകിരീടത്തില്‍ പൊന്‍തൂവലുകളായി ശോഭിക്കുന്നു. 
                               ഈ വിജയം രോഗശയ്യയില്‍ നെഞ്ചിനോട്, ചേര്‍ത്തു  പിടിച്ച സ്ലേറ്റും ഒരു കഷണം ചോക്കുമായി തുടങ്ങിയ എന്‍റെ അധ്യാപനത്തെ വീടിന്‍റെ അകത്തളത്തുനിന്ന് തൊട്ടടുത്ത C H M K S M - U P School വരെ കൊണ്ടെത്തിച്ചു. ശസ്ത്രക്രിയയുടെ സമയത്ത്‌ എന്നെ സാന്ത്വനിപ്പിക്കാന്‍ വന്ന ഈ സ്കൂളിന്‍റെ മാനേജര്‍ കമറണ്ണന്‍ എന്‍റെ മനസ്സും ആഗ്രഹങ്ങളും അടുത്തറിഞ്ഞു. ഞാന്‍ എത്രയും പെട്ടെന്ന് എഴുന്നേറ്റ്  നടക്കുമെന്ന് ആശിര്‍വദിക്കുകയും, വീട്ടിലിരുന്നു കുട്ടികളെ പടിപ്പിക്കുവാനുള്ള അസൗകര്യത്തിനു പരിഹാരമായി ഒഴിവു സമയങ്ങളില്‍ സ്കൂള്‍ ഉപയോഗിക്കുവാനുള്ള അനുമതിയും നല്‍കി. ആ നല്ല മനുഷ്യന്‍റെ ഹൃദയവിശാലതയാണ് ഇരുപത് വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ എന്‍റെ ഹോം ട്യുഷനെ ഇരുന്നൂറില്‍പരം വിദ്യാര്‍ത്ഥികളും പത്തോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അധ്യാപകരും അടങ്ങിയ B C C എന്ന ചുരുക്ക പേരുള്ള എന്‍റെ ആത്മ വിദ്യാലയമാക്കി മാറ്റിയത്. 5th മുതല്‍ 12th വരെയുള്ള കുട്ടികള്‍ക്ക് ട്യുഷനും  psc കോച്ചിങ്ങും നല്‍കുന്നു. 
                      സിലബസില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ യഥാസമയം കരിയര്‍ പ്ലാനിങ്ങും ഗൈഡ൯സും നല്‍കുന്നു. എനിക്കറിയാത്ത പുതുമയാര്‍ന്ന കോഴ്സുകളെ പരിചയപ്പെടുത്താന്‍ പുറമെ നിന്നുള്ള എന്‍റെ സുഹൃത്തുക്കളും എന്നെ  സഹായിക്കുന്നു പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുമായിരുന്ന എന്‍റെ അയല്‍പക്കത്തെ വിദ്യാര്‍ഥിസമൂഹം ഇന്ന് അറിവിന്‍റെ വിദൂര സാധ്യതകള്‍ തേടി ഉപരിപടനത്തിനായി സര്‍വ്വകലാശാലകളെ അന്വേഷിക്കുന്നു. എന്‍റെ വിദ്യാര്‍ഥികള്‍ ഇന്ന് ധാരാളം ആര്‍ട്സ് കോളേജുകളിലും പ്രൊഫഷനല്‍ കോളേജുകളിലും പഠിച്ചുകൊണ്ടിരിക്കുന്നു എന്നു പറയുന്നതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. ഒന്‍പതാം ക്ലാസ്സില്‍ തോറ്റതിനാല്‍ പഠനം ഉപേക്ഷിച്ചു വര്‍ക്ക്‌ ഷോപ്പില്‍ പോയിരുന്ന എന്‍റെ ആദ്യ വിദ്യാര്‍ഥി ഇന്ന് ബിരുദവും നേടിയിരിക്കുന്നു. അങ്ങിനെ എനിക്ക് കിട്ടാതെപോയ പഠനമെന്ന മഹാ സൗഭാഗ്യത്തെ ഒത്തിരിപേര്‍ക്ക് നല്‍കികൊണ്ട് എന്നെ ഒരുവട്ടം തോല്‍പ്പിച്ച വിധിയെ ഞാനും തോല്‍പ്പിച്ചു. ഞാന്‍ പാതി വഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന പാലക്കാട്‌ പോളിയില്‍ എന്‍റെ നാല് വിദ്യാര്‍ഥികള്‍ ഇന്ന് പഠിച്ചുകൊണ്ടിരിക്കുന്നു. 
                             ദൈവം എന്നില്‍ കനിഞ്ഞ ഈ അനുഗ്രഹത്തില്‍ ഞാന്‍ പരിപൂര്‍ണ്ണ തൃപ്തനാണ്....

My Little Dreams...

                നന്നായി പഠിക്കണം, ഉയര്‍ന്ന ശമ്പളം കിട്ടുന്ന ഒരു ജോലി കിട്ടണം, ധാരാളം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം, ജനിച്ചന്നു മുതല്‍ ദുരിതങ്ങള്‍ മാത്രം അനുഭവിച്ച എന്‍റെ അച്ഛനും അമ്മയ്ക്കും, മറ്റു കുടുംബാംഗങ്ങള്‍ക്കും ആടമ്പര പൂര്‍ണ്ണമായൊരു ജീവിതം ഒരുക്കി കൊടുക്കണം, ജീവിതത്തിന്‍റെ അവസാനവര്‍ഷങ്ങള്‍ ഗവേഷണത്തിനായി മാറ്റിവച്ച് കഴിയുമെങ്കില്‍ ഒരു ശാസ്ത്രഞ്ഞനായിത്തീരണം. എന്നിങ്ങനെ ഏതൊരു സാധാരണക്കാരനും തോന്നുന്ന ആഗ്രഹങ്ങളായിരുന്നു എനിക്കുമുണ്ടായിരുന്നത്. 
                               എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ നരകതുല്യമായ ജനറല്‍ വാര്‍ഡുകളും വേര്‍പാടിന്‍റെ മരണമണി മുഴക്കുന്ന     
I C U കളും എന്‍റെ ജീവിതവീക്ഷണങ്ങളെ അപ്പാടെ മാറ്റിമറിച്ചു. സത്യത്തില്‍ ജീവിത യാതാര്‍ത്ഥ്യം തുറന്നു കാണിക്കുന്നതായിരുന്നു ഞാന്‍ കിടന്ന ആശുപത്രികളിലെ മിക്ക ജനറല്‍ വാര്‍ഡുകളും. കാലമാകുന്ന ത്രാസിന്‍റെ ഒരു ഭാഗത്ത് ഞാനുള്‍പ്പടെ
ദാരിദ്ര്യം അനുഭവിക്കുന്നവന്‍റെ ജീവന്‍ തൊടുത്ത് വച്ച് അത് കാലച്ചക്രത്തിനടിയില്‍ വീണു പോകാതിരിക്കാന്‍ മറുഭാഗത്ത് പണമെന്ന കടലാസുകഷണങ്ങള്‍ ശേഖരിക്കാന്‍ കുടുംബക്കാരുടെ  മരണപ്പാച്ചിലുകള്‍, കോടികളുടെ ബാങ്കുബാലന്‍സുകള്‍ ഉണ്ടായിട്ടും ജീവനെന്ന അമൂല്യ ആഗ്രഹത്തെ പിടിച്ചു നിര്‍ത്താന്‍ യാചിക്കുന്ന നിസ്സഹായര്‍, പാവപ്പെട്ടവരുടെ വിലാപങ്ങള്‍ക്ക്‌ നേരേ സ്റ്റെതസ്കോപ്പിന്‍റെ കൂര്‍ത്ത അഗ്രങ്ങള്‍ കൊണ്ട് ചെവിയടച്ചു പിടിച്ച്  
പൊട്ടിത്തെറിക്കുന്ന  അവന്‍റെ ഹൃദയ കമ്പനങ്ങളുടെ താളം ആസ്വദിക്കുകയും ഇറക്കിയ കാശിന്‍റെ പലിശ കണക്കാക്കുകയും ചെയ്യുന്ന മാംസ കച്ചവടക്കാരായ ചില ഡോക്ടര്‍മാര്‍, വേര്‍പാടെന്ന നിത്യസത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അലറിയടിക്കുന്ന ഉറ്റോര്‍, ഉടയോര്‍... സ്വന്തം അമ്മയ്ക്കുവേണ്ടി ഒരു ദിവസം കാവല്‍കിടക്കേണ്ടി വന്നിട്ടുള്ള അമര്‍ഷം മുറു മുറുത്തു തീര്‍ക്കുന്ന മകള്‍. ഭര്‍ത്താവിന്റെ അച്ഛനെ സ്വന്തം അച്ഛനെപ്പോലെ പരിചരിക്കുകയും  ഗ്ലൌസ്സു  പോലുമിടാതെ കിടക്കപ്പുണ്ണില്‍ മരുന്നു പുരട്ടുകയും ഉച്ചിഷ്ട്ടം പോലും വാരാന്‍ തയ്യാറാകുന്ന മരുമകള്‍, ഏതോ അജ്ഞാത ലോകത്തില്‍ നഷ്ട്ടപ്പെട്ടുപോയ മനസ്സിനെ തെരഞ്ഞുപിടിക്കാനുള്ള ശേഷിയിപോലുമില്ലാതെ  വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കിടക്കുന്ന ജീവച്ചവങ്ങള്‍. ജീവിതത്തിന്‍റെ പച്ചയായ ഈ നഗ്ന സത്യങ്ങള്‍ ഗുണിച്ചും ഹരിച്ചും നോക്കിയപ്പോള്‍ ഞാന്‍ എന്നോടും ദൈവത്തോടും ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചു. മറ്റുള്ള രോഗികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഞാന്‍ എത്രയോ ഭാഗ്യവാനാണെന്ന സത്യം ബോധ്യമായി. പാഠപുസ്തകങ്ങളില്‍ നിന്ന് കിട്ടിയ വലിയ വലിയ അറിവുകളെല്ല സ്വന്തം ചുറ്റുപാടുകളില്‍ നിന്ന് കിട്ടുന്ന ചെറിയ ചെറിയ തിരിച്ചറിവുകളാണ് നമ്മെ മുന്‍പോട്ട് നയിക്കുന്ന ജീവിത ഇന്ധനമായി മാറുന്നതെന്ന് എനിക്ക് മനസ്സിലായി.
                             ഈ തിരിച്ചറിവുകള്‍ എന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നല്‍കാനുള്ള വ്യഗ്രതയും എന്‍റെ അധ്യാപനത്തിന്‍റെ പ്രധാന ലകഷ്യങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ എന്‍റെ വിദ്യാര്‍ഥികള്‍ നല്‍കുന്ന 10 A+ കള്‍ കൊണ്ടുമാത്രം ഞാന്‍ തൃപ്തിപ്പെടാറില്ല. അവരുടെ ചിന്തകളെ പിന്തുടര്‍ന്ന് ഹൃദയവിശാലത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. സ്വാര്‍ഥതയുടെ പൈശാചിക കരങ്ങകളില്‍ നിന്ന് അവരെ സംരക്ഷിച്ച് നിസ്വാര്‍ത്ഥതയുടെ വഴികാട്ടികളായി മാറ്റാന്‍ ആഗ്രഹിക്കുന്നു. ഡോക്ടറും, എന്ജിനിയരും, വക്കീലുമെല്ലാം ആയിത്തീരുന്നതിനു മുമ്പ് മനുഷ്യത്വമുള്ള മനുഷ്യനായിത്തീരാന്‍ ഉദ്ബോധിപ്പിക്കുന്നു. 
                                 പാഠപുസ്തകത്തിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടൊപ്പം  നിത്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യിപ്പിക്കുന്നു. സ്വഭാവത്തിന് കിട്ടുന്ന A+ ആണ് മറ്റേത് വിഷയങ്ങള്‍ക്ക്‌ കിട്ടുന്ന A+ നേക്കാളും മികച്ചത് എന്നു ബോധിപ്പിക്കുന്നു. പഠനവിഷയങ്ങളില്‍ ഇടകലര്‍ത്തി ഇത്തരം പാട്യെതര വിഷയങ്ങളുടെ സന്ദേശം നല്‍കുന്നതോടൊപ്പം ആഴ്ചയില്‍ ഒരു മണിക്കൂര്‍ ഇതിനുവേണ്ടി മാത്രം ചിലവഴിക്കുന്നു. 
                               ഇതിന്‍റെ തുടര്‍പ്രക്രിയകളായി 
അസൈന്‍മെന്റുകളും  പ്രാക്ടിക്കല്‍ വര്‍ക്കുകളും നല്‍കുന്നു. ഉദാഹരണമായി പ്രത്യക്ഷ ദൈവമായ അമ്മയുടെ മഹത്തായ സേവനത്തിന്‍റെ  വിലയറിയാന്‍  ഏതെങ്കിലുമൊരു ഒഴിവു ദിവസം അമ്മ ചെയ്യുന്ന മുഴുവന്‍ ജോലികളും ഏറ്റെടുത്ത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അച്ഛന്‍റെ അധ്വാനത്തിന്‍റെ  വിലയറിയാന്‍ ആരെയും ആശ്രയിക്കാതെ നിശ്ചിത ദിവസത്തിനുള്ളില്‍ ഒരു രൂപയെങ്കിലും സ്വന്തമായി സമ്പാദിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. പരിസരത്ത് നരകയാതന അനുഭവിക്കുന്നവരെ  കണ്ടെത്താനും സഹായിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്ന്‌ അന്വേഷിക്കാനും ആവശ്യപ്പെടുന്നു. പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങാണ് അസൈന്‍മെന്‍റ ആയി ശേഖരിക്കപ്പെടുന്നത്. ഇത്തരത്തില്‍ വ്യക്തിത്വവികസനത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കല്പിക്കാത്ത പൊള്ളയായ ഭൗതിക വിദ്യാഭ്യാസം കുറെ ബുദ്ധിരാക്ഷസന്‍മാരെ  സൃഷ്ടിക്കുമെന്നല്ലാതെ വിദ്യാഭ്യസത്തിന്‍റെ അടിസ്ഥാന ആവശ്യമായ വിശ്വമാനവികത എന്ന പരംപൊരുളെ അത് ഭസ്മമാക്കുകയും ചെയ്യും. 
                                       ഇത് ഉണരേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു. എന്തു ചെയ്യാം !.. ദിവസം തോറും പാട്യ പദ്ധതി പരിഷ്ക്കരിച്ചു കൊണ്ടിരിക്കുന്ന നിലവിലെ പരിഷ്ക്കാരികള്‍ ഇതിനെ കുറിച്ച് ചിന്തിക്കാത്തതെന്ത്?. മാത്രമെല്ല അധ്യാപനമെന്ന പേരില്‍ ശാസ്ത്രം പുലമ്പുന്ന കുറെ അദ്ധ്യാപകന്‍മാരെല്ല  നമുക്ക് വേണ്ടത് പകരം പ്രസംഗിക്കുന്ന സല്‍കര്‍മ്മങ്ങള്‍ പ്രവത്തിക്കുന്ന ഗുരുനാഥന്‍മാരെയാണ് നമ്മുടെ സമൂഹത്തിനു വേണ്ടത്. ചെറിയ ക്ലാസുകളിലെ പിഞ്ചു മനസുകളില്‍ നിന്നും ചെലുത്തി തുടങ്ങേണ്ട
വിവേചന ബുദ്ധി അങ്ങ് ബിരുദ ബരുദാനന്തരകോഴ്സുകള്‍ വരെ ദീര്‍ഘിപ്പിക്കുകയും  വേണം. മറ്റു വിഷയങ്ങളെപ്പോലെത്തന്നെ ഈ സദാചാര മര്യാദകള്‍ പഠിപ്പിക്കുന്ന പുസ്തകങ്ങളും അച്ചടിച്ചിറക്കി സിലബസില്‍ കൂട്ടിച്ചേര്‍ക്കുക  തന്നെ വേണം. ഇത് പഠിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കപ്പെട്ട ഒരു അദ്ധ്യാപകന്‍ വീതം ഓരോ വിദ്യാലയത്തിലും നിയമിക്കപ്പെടണം. ഈ പ്രത്യേക വിഷയത്തിനു തുടര്‍മൂല്യനിര്‍ണയം വഴി ഗ്രേഡുകള്‍ നല്‍കുന്നു. ഇതിനു പകരമായി നാം നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കട്ടുകള്‍ എന്ന കടലാസു കഷണങ്ങളും ബിരുദ പഠനത്തിനു ശേഷം നാല്‍പ്പതു ദിവസത്തെ സോഷ്യല്‍ വര്‍ക്കിനു നല്‍കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകളും നമ്മുടെ സാംസ്കാരിക പൈതൃകത്തെ തുടച്ചു നീക്കുന്ന വെറും തരിശു പേപ്പറുകള്‍ മാത്രമായിരിക്കും.
                                  ജീവനു  തുല്യം സഹപാഠിയുടെ മുഖത്ത് കത്തികൊണ്ട് കീറി, വഴിപിഴച്ച പ്രണയങ്ങളുടെ നഗ്നചിത്രങ്ങള്‍ ബ്ലൂട്ടൂത്തുകളിലൂടെയും നെറ്റിലൂടെയും അയക്കുന്ന തുടര്‍ക്കഥകള്‍ നമ്മുടെ കണ്ണുകള്‍ തുറപ്പിക്കില്ലേ?..
ഇത് പുതിയൊരു സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിക്കുന്ന പദ്ധതി പ്രമാണങ്ങളായി മുഖവിലയ്ക്ക് എടുത്തില്ലെങ്ങിലും വളര്‍ന്നു വരുന്ന നാളെയുടെ തലമുറകളായ നമ്മുടെ സ്വന്തം മക്കളെ നേര്‍വഴിക്ക് നയിക്കാന്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടിയായി കണക്കാക്കിക്കൂടെ?...
                                    മേല്‍പ്പറഞ്ഞ വ്യാമോഹങ്ങളെങ്ങാനും ഒരു ദിവസം ഒരു പൊട്ടഭാഗ്യത്തിനു നടപ്പിലായാല്‍ പ്രസ്തുത സദാചാരമാര്യാദകളുടെ പാഠപുസ്തകത്തില്‍ ഏതെങ്കിലും ഒരു അധ്യായത്തില്‍ ഞാന്‍ ആരോടും കാര്യമായി പങ്കുവെയ്ക്കാത്ത എന്‍റെ കൊച്ചു പരീക്ഷണാനുഭവങ്ങള്‍ കൂട്ടിചേര്‍ക്കപ്പെടുകയില്ലേ എന്നു സ്വപ്നം കാണുന്നു. പരിസരപ്രദേശത്തുള്ള ഒരു വിദ്യാര്‍ഥി പോലും ദാരിദ്ര്യം കൊണ്ടോ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അഭാവം കൊണ്ടോ പഠനം ഉപേക്ഷിച്ച് പോകരുതെന്ന് അതിയായി ആശിക്കുന്നു. മാത്രമല്ല എന്‍റെ ആത്മവിദ്യാലത്തിലെ പൊന്നുമക്കള്‍ 
IIT, IIM, IIST തുടങ്ങിയ ഒന്നാം കിടസ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളായി വരുകയില്ലേ എന്നും ഞാന്‍ സ്വപ്നം കാണുന്നു. 
                               കൂടാതെ നന്‍ണ്ടന്‍കിഴായ എന്ന കൊച്ചു ഗ്രാമത്തിനായി ഒരു ബ്രഹത്തായ ലൈബ്രറി എന്ന സ്വപ്നം ഇന്നും മനസ്സില്‍ നിറവേറാതെ ഒരു ദിവ്യസ്വപ്നമായി നിലകൊള്ളുന്നു. ഈ സ്വപ്ന സാക്ഷത്കാരത്തിനു ഈ ബ്ലോഗ്‌ വഴിതുറക്കുമോ എന്നെനിക്കറിയില്ല....
                               എങ്കിലും ഈ സദുദ്ദേശത്തിനു കരുത്തേകാന്‍, ഞാന്‍ തളരുമ്പോള്‍ എനിക്ക് ഊര്‍ജം പകര്‍ന്നു നല്‍കാന്‍ ഒരു കൂട്ടം ആത്മാര്‍ത്ഥ സുഹൃത്തുക്കളെ ആ സര്‍വ്വശക്തന്‍ ഇതിലൂടെ തരുമെന്ന് കരുതുന്നു. എന്‍റെ കൊച്ചു സ്വപ്നത്തെ നിങ്ങളിലേക്ക് കൂടി എത്തിക്കാന്‍ കഴിഞ്ഞെന്ന വിശ്വാസത്തോടെ വാക്കുകള്‍ ചുരുക്കുന്നു. 
                            ഞാന്‍ ചെയ്യുന്ന ഈ ലതിതമായ പ്രവര്‍ത്തനങ്ങളിലൂടെ എന്‍റെ വിദ്യാര്‍ത്ഥികളെ മുഴുവനായും മാറ്റിമറിച്ചു എന്നെനിക്കു അവകാശപ്പെടാന്‍ സാദ്ധ്യമല്ല പക്ഷെ എന്നെങ്ങിലും ഒരിക്കല്‍ ഞാന്‍ ഇവരുടെ മനസ്സില്‍ വിതറിയ നന്മയുടെ വിത്തുകള്‍ അനുകൂലമായ ഒരു കാലാവസ്ഥയില്‍ പോട്ടിമുളയ്ക്കുക തന്നെ ചെയ്യും.
 അതിവിടെ ധാരാളം തണല്‍മരങ്ങള്‍ വിരിയിക്കും എന്ന്‌ പ്രത്യാശിക്കുന്നു. മിക്കവാറും ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ ഞാന്‍ എന്‍റെ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. ആ സന്ദര്‍ശനങ്ങള്‍ എല്ലാം തന്നെ എന്‍റെ പ്രത്യാശയ്ക്ക്  മധുരം നുകരുന്നതുമാണ്. 
                                ദിവസവും രാവിലെ  ഏഴ് മണിക്ക് എന്‍റെ ആത്മ വിദ്യാലയത്തിലെ കുട്ടികളില്‍ നിന്ന് മുഴങ്ങുന്ന പ്രതിജ്ഞയും പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കണമേ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.
                            "BCC വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ഞങ്ങളുടെ എല്ലാ വ്യക്തിപരവും കുടുംബപരമായ പ്രശ്നങ്ങളെ മാറ്റിവച്ച് പരിപൂര്‍ണ്ണ ശ്രദ്ധ പഠനത്തിലേക്ക് തിരിക്കും. ഇതിനായി ഇനിയുള്ള ഓരോ നിമിഷവും നിരന്തരധ്വാനം ചെയ്യുകയും പരാജയങ്ങളില്‍ പതറാതെ മുന്നോട്ട് കുതിക്കുകയും ചെയ്യും. 
                                    ഞങ്ങള്‍ എല്ലായ്പ്പോഴും നന്മയുടെ മാര്‍ഗത്തില്‍ മാത്രം സഞ്ചരിക്കുന്നവരും രക്ഷിതാക്കളുടെ പ്രതീക്ഷകളെ നിറവേറ്റുന്നവരുമായിരിക്കും.ഞങ്ങളില്‍ സ്നേഹവും,സത്യവും,സാഹോദര്യവും നിലനിര്‍ത്തി വീടിനും നാടിനും പ്രയോജനകരമാകും വിധം വ്യക്തിത്വത്തിനു ഉടമകളാകുവാന്‍ സര്‍വ്വശക്തനായ പ്രപഞ്ച്സൃഷ്ടാവ് അനുഗ്രഹിക്കേണമേ...." 


Monday, September 6, 2010

Thanks to.....

          ഈ ബ്ലോഗ്‌ വായിക്കാന്‍ കാണിച്ച താങ്ങളുടെ സന്‍മനസ്സിന് നന്ദി....
          ബ്ലോഗ്‌ എന്ന ആശയം ആദ്യമായി എന്‍റെ മനസ്സിലെക്കിട്ടു തന്ന N. Noushad സാറിനും                           
          ഇതുണ്ടാക്കാന്‍ സഹായിച്ച പ്രിയ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം നന്ദി....
          ഇതില്‍  പേരെടുത്ത്‌ പറഞ്ഞിട്ടില്ലാത്ത, എന്നേ പല ഘട്ടങ്ങളിലും സഹായിച്ച നല്ലവരായ 
          എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു....