Wednesday, September 8, 2010

My Adma Vidyalaya....

                                           ക്ഷമയുടെ പ്രതീകമാണ് എന്‍റെ അമ്മ. ഒരു പരോപകാരിയാണ്‌ എന്‍റെ അച്ഛന്‍. രണ്ടുപേര്‍ക്കും കാര്യമായി വിദ്യാഭ്യാസമൊന്നുമില്ല. എന്നിരുന്നാലും അവര്‍ക്ക് മക്കളെ പഠിപ്പിക്കുവാന്‍ അതിയായ ആഗ്രഹമായിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി  ജീവിതത്തിന്‍റെ നല്ലകാലം മുഴുവന്‍ ത്യജിച്ച എന്‍റെ മൂത്ത സഹോദരന്‍ മുസ്തഫയും ഞാന്‍ നന്നായി പഠിച്ചു കാണണമെന്ന് മോഹിച്ചിരുന്നു. ഈ വിധ പ്രോല്‍സാഹനമായിരിക്കണം എന്നെ ഓരോ ക്ലാസിലും പലപ്പോഴും സ്കൂളില്‍ തന്നെയും ഒന്നമാനാക്കി തീര്‍ത്തത്.
                                    പഠിക്കാന്‍ വല്ലാത്ത ആഗ്രഹമായിരുന്നു. ജീവിതാവസാനം വരെ ഒരു വിദ്യാര്‍ഥിയായിരിക്കുവാന്‍ കഴിയുക എന്നത് എന്നെ സംബത്തിചിടത്തോളം ഒരു മഹാഭാഗ്യമായി കരുതുന്നു. പോളിടെക്നിക്കില്‍ പ്രവേശിച്ച ആദ്യ വര്‍ഷമാണ്‌ എനിക്ക് അസുഖം പിടിപെടുന്നത്. ചികിത്സിച്ചു തല്‍ക്കാലം ഭേതമായെങ്ങിലും ആ വര്‍ഷം നഷ്ടമായി. അടുത്ത കൊല്ലം വീണ്ടും പുതുതായി ചേര്‍ന്നു. പക്ഷെ അസുഖം എന്നെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു. ഞാനും വിട്ടുകൊടിത്തില്ല, അങ്ങിനെ നാലാമാതായും പോളിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആയിത്തന്നെ പഠിച്ചു തുടങ്ങി. എന്‍റെ കൂടെ പടിച്ചിരുന്നവരെല്ലാം കോളേജ് വിട്ടു. ജൂനിയര്‍ ആയിരുന്നവര്‍ കുറെകാലം എന്നോടൊപ്പവും പിന്നീട് എന്‍റെ സീനിയര്മാരുമായി. അതൊന്നും എന്നെ വിഷമിപ്പിച്ചിരുന്നില്ല. "ഒന്നും    ചെയ്യാതിരിക്കു ന്നതിനെക്കാള്‍ നല്ലതാണു വൈകിയാലും ചെയ്തുതീര്‍ക്കുക" എന്ന ഡോ:കലാമിന്‍റെ ആത്മകഥയിലെ വാക്യം മനസ്സിന് ആശ്വാസമേകി. എന്നാല്‍ ഈ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല. വെറും ഒന്നരവര്‍ഷം തികയുമ്പോഴേക്കും പൂര്‍വ്വാധികം ശക്തിയോടെ അസുഖമെന്നെ പിടിമുറുക്കി. ഒടുക്കം വിധിയുടെ മുന്‍പില്‍ മുട്ടുമടക്കേണ്ടിവന്നു. വേദനാസംഹാരികളെ തോല്‍പ്പിക്കുന്ന കഠിന വേദനയും കിടക്കയില്‍ നിന്ന് സ്വയം എഴുന്നേറ്റിരിക്കുവാന്‍ പോലുംകഴിയാത്ത ദുരവസ്ഥ യുമായി രണ്ടു വര്‍ഷത്തോളം പരിപൂര്‍ണ്ണ വീട്ടുതടങ്കലിലായി. രോഗത്തോട് കീഴടങ്ങുവാണോ അതിനെതിരെ പൊരുതുവാനോ കഴിയാത്ത നിസംഗഭാവം. വിരസത എന്നെ പതുക്കെ പതുക്കെ കാര്‍ന്നു തിന്നു. ചിലപ്പോഴൊക്കെ ആരോടെന്ന റിയാത്ത കടുത്ത ദേഷ്യം വരും. എങ്കിലും ഏകാന്ത വാസം എന്നെ കുറെയധികം ചിന്തിപ്പിച്ചു. ജീവിതത്തോടു സമാധാനപരമായ ഒരു തരം വാശി തോന്നി. പ്രാര്‍ത്ഥനാപൂര്‍വ്വം ചില ഉറച്ച തീരുമാനമെടുത്തു. അതാണ്‌ "എന്‍റെ ആത്മവിദ്യാലയം ".
                              ഞാന്‍ അങ്ങേയറ്റം ഉത്സാഹിച്ചു പഠിച്ച S S L C സിലബസിലൂടെ ഒരു വട്ടം കൂടി കണ്ണോടിച്ചു. അധികം വൈകാതെതന്നെ  S S L C  വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഒരു ഹോം ട്യുഷന്‍ തുടങ്ങി. ദൈവനിശ്ചയം എന്ന് പറയട്ടെ ആദ്യ ബാച്ചില്‍തന്നെ ഇരുപതോളം വിദ്യാര്‍ഥികളെത്തി.ചായ്പ്പു മുറിയിലെ കട്ടിലിനോട് ചേര്‍ന്ന സിമന്‍റെ തിണ്ണയില്‍ കാലത്തും വൈകീട്ടും വിദ്യാര്‍ഥികള്‍ നിറഞ്ഞിരിക്കും. ഇവരിലൂടെ ഞാന്‍ പുറംലോകം കണ്ടുതുടങ്ങി. എനിക്ക് പുതു ജീവന്‍ നല്‍കിയ എന്‍റെ കുട്ടികള്‍ക്ക് കടലോളം സ്നേഹം നല്‍കി. അനുസരണകേടിനു   നല്ല   ശിക്ഷയും. മുഴുവന്‍ വിഷയവും ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടതിനാല്‍ വായിക്കാന്‍ ഒരുപാട് ഉണ്ടായിരുന്നു. എങ്കിലും എന്നെ അലട്ടിയ വിരസത ജീവനുംകൊണ്ടോടി. ഞാന്‍ ആശുപത്രിക്ക് പോകുന്ന   ദിവങ്ങള്‍ ഒഴികെ വര്‍ഷത്തില്‍ എല്ലാ ദിവസവും പഠിപ്പിക്കുമായിരുന്നു. കുട്ടികളുമായി വളര്‍ന്ന ആത്മബന്ധത്തില്‍ ഞാന്‍ എന്‍റെ വേദന മറന്നുതുടങ്ങി. ക്രമേണ രോഗത്തെയും, മരുന്നിനേയും,ആശുപത്രിയേയും,ഡോക്ടറേയും,ഞാന്‍ എന്ന ഭാവത്തെയും മറന്നുപോയി. എന്‍റെ മനസ്സുമുഴുവന്‍ വിദ്യാര്‍ത്ഥികളും അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും മാത്രമായി. എന്നിലെ അടങ്ങാത്ത ആ ആത്മപ്രചോദനം എന്‍റെ വിദ്യാര്‍ത്ഥികളെ ഓരോരുത്തരെയും മിടുമിടുക്കന്മാരാക്കിത്തീര്‍ത്തു. ഈ മിടുക്കന്മാരുടെ തീവ്രശ്രമം 2006 മുതല്‍ ഇതുവരെ ഓരോ വര്‍ഷവും അവരുടെ ഹൈസ്കൂളുകളില്‍ പത്താംതരത്തിലെ ഒന്നാം സ്ഥാനം എന്‍റെ വിദ്യാലയത്തിന്‍റെ വിജയകിരീടത്തില്‍ പൊന്‍തൂവലുകളായി ശോഭിക്കുന്നു. 
                               ഈ വിജയം രോഗശയ്യയില്‍ നെഞ്ചിനോട്, ചേര്‍ത്തു  പിടിച്ച സ്ലേറ്റും ഒരു കഷണം ചോക്കുമായി തുടങ്ങിയ എന്‍റെ അധ്യാപനത്തെ വീടിന്‍റെ അകത്തളത്തുനിന്ന് തൊട്ടടുത്ത C H M K S M - U P School വരെ കൊണ്ടെത്തിച്ചു. ശസ്ത്രക്രിയയുടെ സമയത്ത്‌ എന്നെ സാന്ത്വനിപ്പിക്കാന്‍ വന്ന ഈ സ്കൂളിന്‍റെ മാനേജര്‍ കമറണ്ണന്‍ എന്‍റെ മനസ്സും ആഗ്രഹങ്ങളും അടുത്തറിഞ്ഞു. ഞാന്‍ എത്രയും പെട്ടെന്ന് എഴുന്നേറ്റ്  നടക്കുമെന്ന് ആശിര്‍വദിക്കുകയും, വീട്ടിലിരുന്നു കുട്ടികളെ പടിപ്പിക്കുവാനുള്ള അസൗകര്യത്തിനു പരിഹാരമായി ഒഴിവു സമയങ്ങളില്‍ സ്കൂള്‍ ഉപയോഗിക്കുവാനുള്ള അനുമതിയും നല്‍കി. ആ നല്ല മനുഷ്യന്‍റെ ഹൃദയവിശാലതയാണ് ഇരുപത് വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ എന്‍റെ ഹോം ട്യുഷനെ ഇരുന്നൂറില്‍പരം വിദ്യാര്‍ത്ഥികളും പത്തോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അധ്യാപകരും അടങ്ങിയ B C C എന്ന ചുരുക്ക പേരുള്ള എന്‍റെ ആത്മ വിദ്യാലയമാക്കി മാറ്റിയത്. 5th മുതല്‍ 12th വരെയുള്ള കുട്ടികള്‍ക്ക് ട്യുഷനും  psc കോച്ചിങ്ങും നല്‍കുന്നു. 
                      സിലബസില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ യഥാസമയം കരിയര്‍ പ്ലാനിങ്ങും ഗൈഡ൯സും നല്‍കുന്നു. എനിക്കറിയാത്ത പുതുമയാര്‍ന്ന കോഴ്സുകളെ പരിചയപ്പെടുത്താന്‍ പുറമെ നിന്നുള്ള എന്‍റെ സുഹൃത്തുക്കളും എന്നെ  സഹായിക്കുന്നു പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുമായിരുന്ന എന്‍റെ അയല്‍പക്കത്തെ വിദ്യാര്‍ഥിസമൂഹം ഇന്ന് അറിവിന്‍റെ വിദൂര സാധ്യതകള്‍ തേടി ഉപരിപടനത്തിനായി സര്‍വ്വകലാശാലകളെ അന്വേഷിക്കുന്നു. എന്‍റെ വിദ്യാര്‍ഥികള്‍ ഇന്ന് ധാരാളം ആര്‍ട്സ് കോളേജുകളിലും പ്രൊഫഷനല്‍ കോളേജുകളിലും പഠിച്ചുകൊണ്ടിരിക്കുന്നു എന്നു പറയുന്നതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. ഒന്‍പതാം ക്ലാസ്സില്‍ തോറ്റതിനാല്‍ പഠനം ഉപേക്ഷിച്ചു വര്‍ക്ക്‌ ഷോപ്പില്‍ പോയിരുന്ന എന്‍റെ ആദ്യ വിദ്യാര്‍ഥി ഇന്ന് ബിരുദവും നേടിയിരിക്കുന്നു. അങ്ങിനെ എനിക്ക് കിട്ടാതെപോയ പഠനമെന്ന മഹാ സൗഭാഗ്യത്തെ ഒത്തിരിപേര്‍ക്ക് നല്‍കികൊണ്ട് എന്നെ ഒരുവട്ടം തോല്‍പ്പിച്ച വിധിയെ ഞാനും തോല്‍പ്പിച്ചു. ഞാന്‍ പാതി വഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന പാലക്കാട്‌ പോളിയില്‍ എന്‍റെ നാല് വിദ്യാര്‍ഥികള്‍ ഇന്ന് പഠിച്ചുകൊണ്ടിരിക്കുന്നു. 
                             ദൈവം എന്നില്‍ കനിഞ്ഞ ഈ അനുഗ്രഹത്തില്‍ ഞാന്‍ പരിപൂര്‍ണ്ണ തൃപ്തനാണ്....

1 comment: